Announcement for 09 Dec 2024
OIAA യൂണിറ്റി കമ്മിറ്റി
റിപ്പോർട്ട് – OIAA ഓൺലൈൻ ഇന്റർനാഷണൽ കൺവെൻഷൻ
കാർലോസ് ഡി., OIAA യൂണിറ്റി കമ്മിറ്റി ചെയർ ബെത്ത് എ. OIAA ഇന്റർനാഷണൽ ട്രസ്റ്റി
അവലോകനങ്ങൾ
ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ച ഈ വർഷത്തെ ഒക്ടോബറിലെ അവസാന വാരാന്ത്യത്തിലേക്ക് ഞാൻ തിരിഞ്ഞുനോക്കുന്നത് ഹൃദയം നിറഞ്ഞ സന്തോഷത്തോടെയും നന്ദിയോടെയുമാണ്. OIAA അംഗങ്ങളുടെ എല്ലാ പിന്തുണയും, ലോകമെമ്പാടുമുള്ള എണ്ണമറ്റ സന്നദ്ധപ്രവർത്തകരുടെ പരിശ്രമവും, OIAA ബോർഡിൻ്റെയും കമ്മറ്റികളുടെയും പിന്തുണയും വഴി OIAA യുടെ ആദ്യ ഓൺലൈൻ കൺവെൻഷൻ ജീവസുറ്റതാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഈ സ്വപ്നം യാഥാർത്ഥ്യമാകാൻ രണ്ട് വർഷമെടുത്തു.
ലോകമെമ്പാടും‘ഹൃദയത്തിന്റെ ഭാഷ’ കേൾക്കുന്നത് അതീവ ഹൃദയസ്പർശിയും മനോഹരവുമായിരുന്നു; ഓരോ നിമിഷത്തിലും, ഓരോ യോഗത്തിലും, ഓരോ പങ്കുവെപ്പിലും, എല്ലായിടത്തും ഒരു ഹൃദയം പോലെ ചേർന്ന് നിന്ന്, അൽക്കഹോളിക്‌സ് അനോണിമസ് (A.A) സന്ദേശം ഇപ്പോഴും ബുദ്ധിമുട്ടുന്ന മദ്യപാനികളിലേക്ക് എത്തിക്കാൻ നമ്മൾ ഒന്നടങ്കം കൈകോർത്തു. OIAA-യെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും ഒരു അത്ഭുതകരമായ സംഭവമായിരുന്നു. ഇത് വിജയിക്കുമോ എന്നറിയാതെ ആണ് സംഘടന ആദ്യമായി ഇത്തരമൊരു വെല്ലുവിളി ഏറ്റെടുത്തത്. നിരവധി സന്നദ്ധപ്രവർത്തകരുടെ അവിശ്വസനീയമായ പരിശ്രമത്തിനും അർപ്പണബോധത്തിനും നന്ദി, ഇവന്റ് തികച്ചും ഗംഭീരമായിരുന്നു!
ചിലർ രജിസ്ട്രേഷനുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കൂടുതൽ ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്ന് പറഞ്ഞേക്കാം. അത് ഒരുപക്ഷെ ശരിയുമായിരിക്കാം, പക്ഷേ ആഫ്രിക്കയിലെ സാവന്നകളിലെയും ഭാരതീയ ഭൂവിഭാഗങ്ങളിലെയും ബ്രസീലിലെ മനോഹരമായ പ്രദേശങ്ങളിലെയും ഏകാകികൾ ‘ഹൃദയത്തിന്റെ ഭാഷ’ കേട്ടപ്പോൾ, നേടിയ ആത്മീയ അനുഭൂതികളിൽ ഒരാൾക്ക് അത്ഭുതം കൂറാൻ മാത്രമേ കഴിയൂ.
ഞങ്ങൾ ആറ്റിയറോവയിൽ നിന്നും ഹവായിയിലൂടെ വടക്കൻ, മധ്യ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലൂടെ കടന്നു ഓസ്‌ട്രേലിയയിലേക്കും യാത്രചെയ്തു. ഞങ്ങൾ തടാകത്തിന് മുകളിലൂടെ പഴയ ഭൂഖണ്ഡത്തിലേക്ക് എത്തി ആഫ്രിക്കയിലൂടെയും ഏഷ്യയിലൂടെയും സഞ്ചരിച്ചു. നമ്മുടെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ, വംശങ്ങൾ, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവയൊന്നും തടസ്സമാകാതെ നമ്മുടെ ഉപരിപ്ലവമായ വ്യത്യാസങ്ങളെയും ഭാഷാ അതിർവരമ്പുകളെയും മറികടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. നാം ‘ഹൃദയത്തിന്റെ ഭാഷ‘ സംസാരിക്കുമ്പോൾ പ്രതിബന്ധങ്ങളോ അതിർവരമ്പുകളോ ഇല്ല.
നമ്മുടെ മൂന്ന് ദിവസത്തെ കൺവെൻഷന്റെ അവസാനം, ഞങ്ങൾക്ക് ലഭിച്ച അനുഭവം വിലമതിക്കാനാവാത്തതാണെന്ന് എനിക്ക് തോന്നി. നിങ്ങൾ, നമ്മളുടെ അംഗങ്ങൾ , ഡിസംബറിൽ രണ്ടാമതൊരു കൺവെൻഷന് വേണ്ടി വോട്ട് ചെയ്യുകയാണെങ്കിൽ, നമ്മുടെ കഴിഞ്ഞ ഇവന്റിൽ പ്രതിനിധീകരിക്കാൻ കഴിയാതെ പോയ ലോകത്തിലെ കൂടുതൽ രാജ്യങ്ങളിലേക്ക് കൂടുതൽ മദ്യപാനികളിലേക്ക് എത്തിച്ചേരാനുള്ള മറ്റൊരു അവസരമാകും, രണ്ടാമത്തെ കൺവെൻഷനെ ഇതിലും വലുതും മികച്ചതുമായ ഒരു ഇവന്റാക്കാക്കി മാറ്റാനുള്ള എല്ലാ വിധ സംവിധാനങ്ങളും നമ്മളുടെ പക്കലുണ്ട്.
നിങ്ങൾ ഈ സംരംഭത്തിലും ഞങ്ങളിൽ പൂർണമായ വിശ്വാസം അർപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു!
കാർലോസ് ഡി., OIAA യൂണിറ്റി കമ്മിറ്റി ചെയർ – പോർച്ചുഗൽ
ആദ്യ OIAA ഓൺലൈൻ ഇന്റർനാഷണൽ കൺവെൻഷൻ മെമ്മറീസ് പേജ്
നമ്പറുകൾ
റെജിസ്ട്രേഷൻ ഡാറ്റ – ഒക്ടോബർ 28, 2024
- 6841 റെജിസ്ട്രേഷനുകൾ, 97 രാജ്യങ്ങൾ, 73 ഭാഷകൾ
മൊത്തം: 6122 റെജിസ്ട്രന്റുകൾ (719 ആവർത്തനങ്ങൾ നീക്കംചെയ്തശേഷം)
പേര് വെളിപ്പെടുത്താതെ പങ്കെടുത്തവരുടെ Zoom ഡാറ്റ
ദിവസം 1: എല്ലാ Zoom റൂമുകളിലെയുംമൊത്തം = 3360
ദിവസം 2: എല്ലാ Zoom റൂമുകളിലെയുംമൊത്തം = 6986
ദിവസം 3: എല്ലാ Zoom റൂമുകളിലെയുംമൊത്തം = 3069
3 ദിവസത്തെ മൊത്തം: 13415
മീറ്റിംഗുകളുടെയും ഇവന്റുകളുടെയും ആകെ എണ്ണം – 72
*രസകരമായ വസ്തുത: ഒരു ഹോസ്റ്റ് ഗ്രൂപ്പായി രജിസ്റ്റർ ചെയ്ത ആദ്യത്തെ മീറ്റിംഗാണ് ടെക്സസ് നോ ബുൾ ബിഗ് ബുക്ക് സ്റ്റഡി!
പങ്കാളിത്തം കൊണ്ട് മികച്ച 15 മീറ്റിംഗുകൾ (ടെക് 12 നൽകിയ അജ്ഞാത ഡാറ്റ)
- 267 – ഇറാൻ AA ഓൺലൈൻ മീറ്റിംഗുകൾ – ഫാർസി / ഇംഗ്ലീഷ്
- 262 – ഇറാൻ AA ഓൺലൈൻ മീറ്റിംഗുകൾ – ഫാർസി / ഇംഗ്ലീഷ്
- 267 – ഇറാൻ AA ഓൺലൈൻ മീറ്റിംഗുകൾ – ഫാർസി / ഇംഗ്ലീഷ്
- 262 – ഇറാൻ AA ഓൺലൈൻ മീറ്റിംഗുകൾ – ഫാർസി / ഇംഗ്ലീഷ്
- 170 – Te Wairua O Mai, ന്യൂസിലാന്റ് – മാവോരി / ഇംഗ്ലീഷ്
- 160 – ടെക്സസ് നോ ബുൾ ബിഗ് ബുക്ക് സ്റ്റഡി – ഇംഗ്ലീഷ്
- 155 – പിജെ & കോഫി – ഇംഗ്ലീഷ്
- 140 – ദി വെർച്വൽ ലിവിംഗ് സോബർ ഗ്രൂപ്പ് – ഇംഗ്ലീഷ്
- 138 – കാമിൻഹോ ഡി പാസ് ഓൺലൈൻ – പോർച്ചുഗീസ്
- 135 – എഎ ഓൺലൈൻ – പോർച്ചുഗീസ്
- 130 – സോബ്രിറ്റി കൗണ്ട്ഡൗൺ – സ്പാനിഷ്
130 – എസ്പരാങ്ക 29 – പോർച്ചുഗീസ്
- 128 – ദി റെയിൻബോ റൂം LGBTQ+ – ഇംഗ്ലീഷ്
- 126 – സൺറൈസ് സെറിനിറ്റി – ഇംഗ്ലീഷ്
- 125 – സോബ്രിദാദ് ഇ ഓൺലൈൻ – പോർച്ചുഗീസ്
- 124 – ദി ബെസ്റ്റ് ഓഫ് ‘അറ്റ് വിറ്റ്സ് എൻഡ്’ – ഇംഗ്ലീഷ്
124 – ബിഗ് ബുക്ക് ജേർണി – ഇംഗ്ലീഷ്
സംസാരിക്കുകയും വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത ഭാഷകൾ
- ഇംഗ്ലീഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ്, ഫാർസി, മലയാളം, അമേരിക്കൻആംഗ്യഭാഷ
ഓരോ ഭാഷയിലും നടന്ന മീറ്റിംഗുകളുടെ എണ്ണം (സംസാരിച്ചതും വിവർത്തനം ചെയ്യപ്പെട്ടതും)
ഇംഗ്ലീഷ് – 67
ഫാർസി – 4
ഫ്രഞ്ച് – 28
മലയാളം – 2
മാവോരി – 2
പോർച്ചുഗീസ് – 28
സ്പാനിഷ് – 27
അമേരിക്കൻആംഗ്യഭാഷ – 18
*രസകരമായ വസ്തുത: OIAA വെബ്സൈറ്റ് 2024 ഒക്ടോബറിൽ ഹിറ്റ് ചെയ്തു https://beta.aa-intergroup.org/documents/oiaa-statistics-october-2024/
തിരശ്ശീലയ്ക്ക് പിന്നിൽ – ഗ്രൂപ്പിന്റെ ഐക്യം
- ഇറാനിലുടനീളമുള്ള ഓൺലൈൻ AA ഗ്രൂപ്പുകൾ കൺവെൻഷനിൽ പങ്കെടുക്കാനും പ്രാസംഗികരെയും വിവർത്തകരെയും കണ്ടെത്താനും വീഡിയോകൾ നിർമ്മിക്കാനും അവരുടെ മീറ്റിംഗുകളുടെ സമയം വരെ ക്രമീകരിക്കാനും ഒത്തുചേർന്നു പ്രവർത്തിച്ചു. പ്രാസംഗികരുടെയും വിവർത്തകരുടെയും സമയം ഒത്തുനോക്കാൻ അവർ ഞങ്ങളോടൊപ്പം 5 മണിക്കൂർ സൂം റിഹേഴ്‌സൽ നടത്തി.
- ഞങ്ങളുടെ കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി തീമുകൾ തിരഞ്ഞെടുക്കുന്നതിനും പങ്ക് വെക്കുന്നതിനും ഒന്നിലധികം വീഡിയോകൾ നിർമ്മിക്കുന്നതിനും സാങ്കേതിക സന്നദ്ധപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനു Intergrupos Online de AA ബ്രസീലിലുടനീളം ഓൺലൈൻ ഗ്രൂപ്പുകൾ സംഘടിപ്പിച്ചു.
- ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഒമാൻ, കാനഡ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള 20 മലയാളി ഓൺലൈൻ ഗ്രൂപ്പുകൾ പ്രാസംഗികരെ സംഘടിപ്പിക്കുകയും ഞങ്ങളുടെ കൺവെൻഷനിൽ അവരുടെ 2 മീറ്റിംഗുകൾക്കായി ഇന്ത്യയിലെ കേരള A.A.യുടെ ചരിത്രത്തെക്കുറിച്ച് ഒരു വീഡിയോ നിർമ്മിക്കുകയും ചെയ്തു.
- ഞങ്ങളുടെ കൺവെൻഷനിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പങ്കാളിത്തത്തിനായി ന്യൂസിലാന്റ് ഡെയ്‌ലി വോസ് ഗ്രൂപ്പിലെ യുവ അംഗങ്ങൾ ന്യൂസിലാന്റിലും ഓസ്‌ട്രേലിയയിലും ഓൺലൈൻ ഗ്രൂപ്പുകൾ സംഘടിപ്പിച്ചു. തേ വൈറുവ ഒ മായ് ഗ്രൂപ്പ് അവരുടെ സെഷൻ മാവോരിയിൽ അവിസ്മരണീയമായ സ്വാഗതത്തോടെ ആരംഭിച്ചു.
- ഞങ്ങളുടെ കൺവെൻഷനിൽ പങ്കെടുക്കുന്നതിനും ഞങ്ങളുടെ സോബേറിറ്റി കൗണ്ട്ഡൗൺ മാസ്റ്റർ ഓഫ് സെര്മണീസ്, PACO കണ്ടെത്തുന്നതിനുമായി ഗ്രൂപ്പ് 12 PASOS 12 AM സ്പെയിനിൽ ഓൺലൈൻ ഗ്രൂപ്പുകൾ സംഘടിപ്പിച്ചു.
തിരശ്ശീലയ്ക്ക് പിന്നിൽ – ടെക് 12, ടെക് വോളന്റിയർമാർ
- ഞങ്ങളുടെ ടെക് ക്രൂ, പ്രൊഫഷണൽ, സന്നദ്ധപ്രവർത്തകർ എന്നിവർ ഇടവേളകളില്ലാതെ ഒരുമിച്ച് പ്രവർത്തിച്ചു. ഞങ്ങളുടെ പങ്കാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള സൂം ട്രോൾ സംഭവങ്ങളോ സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. ഒരേ സമയം നടന്ന മീറ്റിംഗുകളുടെയും അതിൽ പങ്കെടുക്കുന്നവരുടെയും എണ്ണം കണക്കിലെടുക്കുമ്പോൾ അത് വളരെ അതിശയകരമാണ്.
കൺവെൻഷനിൽ നിന്നും ലഭിച്ച ആത്മീയ അനുഭവങ്ങൾ
കൺവെൻഷനിൽ വന്നതോ അതിൽ പങ്കെടുത്തതോ ആയ എല്ലാവർക്കും അതിൽ നിന്ന് പ്രത്യേകമായ പല അനുഭവങ്ങളും ലഭിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. കാർലോസിനെയും എന്നെയും വളരെയേറെ സ്പർശിച്ച ചില കാര്യങ്ങൾ ഞങ്ങൾ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു.
- മാവോരി, പോർച്ചുഗീസ്, മലയാളം തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന നമ്മുടെ ചില അംഗങ്ങളിൽ നിന്നുള്ള അകൈതവമായ നന്ദി അവരുടെ മാതൃഭാഷയിൽ തന്നെ പങ്കിടാൻ കഴിഞ്ഞു.
- ആഫ്രിക്കയിൽ ഒറ്റപ്പെട്ടു കഴിയുന്ന പോർച്ചുഗീസ് സംസാരിക്കുന്ന അംഗങ്ങളുടെ യോഗത്തിൽ “ഞാനും ഇതിന്റെയെല്ലാം ഭാഗമാണല്ലോ …” എന്ന് കരഞ്ഞു കൊണ്ട് പറഞ്ഞ ഒരു അംഗത്തിന്റെ ഹൃദയത്തിൽ തട്ടിയുള്ള തിരിച്ചറിവുകൾ.
- കൺവെൻഷന്റെ 3 ദിവസങ്ങളിലും പങ്കെടുത്ത ഒരു ഫ്രഞ്ച് അംഗം “ദാറ്റ് ടെക്സാസ് ബിഗ് ബുക്ക് സ്റ്റഡി” യെക്കുറിച്ചും A. A. യിൽ കൂടി അവൾ ലോകം മുഴുവൻ സഞ്ചരിച്ചതിനെക്കുറിച്ചും അയവിറക്കുന്ന മധുരസ്മരണകൾ.
- 18 ദിവസങ്ങൾ മാത്രം പഴക്കമുള്ള പുതുമുഖത്തെയും വർഷങ്ങളുടെ പഴക്കമുള്ള പഴയ അംഗത്തെയും സോബ്രിറ്റി കൗണ്ട്ഡൗണിന്റെ ശേഷം ഒരുമിച്ച് സ്‌ക്രീനിൽ കാണാനായത്.
- ലോകമെമ്പാടുമുള്ള മദ്യപാനികളിലേക്ക് എത്തിച്ചേരാൻ, ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തു നോക്കുവാൻ OIAA ധൈര്യപ്പെട്ടു എന്ന വസ്തുത.
- OIAA അംഗങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും നിസ്വാർത്ഥത, ഉദാരത, മറ്റുള്ളവവർക്ക് സേവനം നൽകുവാനുള്ള സന്നദ്ധത എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത്.
കൺവെൻഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അംഗങ്ങൾ
- 2024 നവംബർ 2-ന് Tech Steppers Safety Workshop-ൽ ഞങ്ങളുടെ മലയാളി അംഗങ്ങൾ പങ്കെടുത്തു, ഡിസംബർ 7-ന് മലയാളം വിവർത്തകരോടു കൂടി മറ്റൊരു ചെറിയ വർക്ക്ഷോപ്പ് ആസൂത്രണം ചെയ്തിരിക്കുന്നു. അവരുടെ കൂടുതൽ ഓൺലൈൻ ഗ്രൂപ്പുകൾ OIAA-യുമായി ചേർന്ന് അടുത്ത സമ്മേളനത്തിൽ പങ്കെടുക്കാൻ പദ്ധതിയിടുന്നു.
- ക്യുബെക്കിൽ നിന്നുള്ള ഞങ്ങളുടെ അംഗങ്ങൾ ‘സബ്മിറ്റ് എ മീറ്റിംഗ്’ പേജ് വിവർത്തനം ചെയ്തു കൊണ്ട്, അവരുടെ കൂടുതൽ ഗ്രൂപ്പുകൾക്ക് OIAA-യിൽ ചേരാനും അടുത്ത കൺവെൻഷനിൽ പങ്കെടുക്കാനും സൗകര്യം ഒരുക്കുന്നു.
- ഞങ്ങളുടെ ബൾഗേറിയൻ അംഗങ്ങൾ അവരുടെ ഓൺലൈൻ ഗ്രൂപ്പുകൾക്കായുള്ള വിവരങ്ങൾക്കും പ്രാസംഗികർക്കുമായി ഞങ്ങളെ സമീപിച്ചു.
- ഞങ്ങളുടെ റഷ്യൻ സംസാരിക്കുന്ന അംഗങ്ങൾ ഒരു IGRനെ തിരഞ്ഞെടുത്തു, കൂടാതെ അടുത്ത കൺവെൻഷനിലും മറ്റ് സേവന അവസരങ്ങളിലും പങ്കെടുക്കാനും ആഗ്രഹിക്കുന്നു.
വെല്ലുവിളികൾ – നമ്മൾ പഠിച്ച കാര്യങ്ങൾ
- Google Translate, DeepL എന്നിവ സൗകര്യപ്രദമായ വിവർത്തന ഉപകരണങ്ങളാണെങ്കിലും, അവ എല്ലായ്പ്പോഴും ഏറ്റവും കൃത്യമോ സന്ദർഭോചിതമോ അല്ലെന്ന് ഞങ്ങൾ മനസിലാക്കി.
- ഞങ്ങളുടെ വെബ്‌സൈറ്റ് ഇടത്തു നിന്ന് വലത്തോട്ട് എഴുതുന്ന ഇംഗ്ലീഷിലായതിനാൽ, വലത്തു നിന്ന് ഇടത്തോട്ട് എഴുതുന്ന ഭാഷകൾ സൈറ്റിന്റെ ഫോർമാറ്റിംഗിൽ വിവർത്തനം ചെയ്യാനോ ശരിയായി ഫോർമാറ്റ് ചെയ്യാനോ കഴിയില്ല.
- ഞങ്ങളുടെ സൈറ്റിലോ DeepL പ്ലാറ്റ്‌ഫോമിലോ ചില ഭാഷകളുടെ വിവർത്തനം ഇതുവരെ ലഭ്യമല്ല.
- ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നവർക്ക് സൈറ്റ് ഉപയോക്തൃ സൗഹൃദമല്ല.
തൽഫലമായി, ഞങ്ങളുടെ ആശയവിനിമയങ്ങൾ, അവ എത്ര മാത്രം വ്യക്തവും ലളിതവും ആണെങ്കിലും, മറ്റ് ഭാഷകളിൽ ഉള്ളവർ വെബ്‌സൈറ്റിലേക്കുള്ള ഏതെങ്കിലും ലിങ്കുകൾ തുറന്നാൽ അത് ഇംഗ്ലീഷിൽ മാത്രമാകുന്നത് കാര്യങ്ങൾ സങ്കീര്ണമാക്കുന്നു. കൂടാതെ, സൂം കോഡുകളുള്ള കൺവെൻഷൻ അജണ്ടകൾ ചില ഭാഷകളിൽ Google Translate ശരിയായി വിവർത്തനം ചെയ്യുന്നില്ല. ഒന്നിലധികം ഭാഷകൾ അറിയുന്ന അംഗങ്ങൾക്ക് അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു; എന്നാൽ മറ്റുള്ളവർ അവരുടെ ഭാഷ ശരിയായി വിവർത്തനം ചെയ്തിട്ടില്ലെന്ന് ഞങ്ങളോട് വ്യക്തമായി പറഞ്ഞു. ഇത് കണക്കിലെടുക്കേണ്ടത് പ്രധാനമാണ്.
ഇമെയിൽ ആക്‌സസ് ഇല്ലാത്തതു മൂലമോ, ഇംഗ്ലീഷ് സംസാരിക്കാത്തതിനാലോ, അവരുടെ രാജ്യത്ത് നിന്ന് ഞങ്ങളുടെ സൈറ്റിലേക്ക് കണക്റ്റു ചെയ്യാൻ കഴിയാത്തതിനാലോ പല അംഗങ്ങൾക്കും രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. വാട്ട്‌സ്ആപ്പിലൂടെയും ടെലിഗ്രാം വഴിയും ആശയവിനിമയം നടത്തിക്കൊണ്ട് ഞങ്ങൾ ഈ പ്രശ്നം പരിഹരിച്ചു.
ഞങ്ങളുടെ വെബ്‌സൈറ്റ് കൃത്യമായി വിവർത്തനം ചെയ്യുന്നത് ഒരു ഭഗീരഥ പ്രയത്നമാണ്. ഞങ്ങളുടെ കൺവെൻഷൻ ആശയവിനിമയങ്ങളിലുടനീളം ഞങ്ങളുടെ ടെക്നോളജി ചെയർ ഈ പ്രക്രിയയുടെ ഭാഗമായിരുന്നു, ഈ വെല്ലുവിളി നേരിടാനുള്ള ഒരു പദ്ധതി അദ്ദേഹം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സംരംഭത്തെ ഞങ്ങൾ പരിപൂർണ്ണമായി പിന്തുണയ്ക്കുന്നു, ഞങ്ങളുടെ ബഹുഭാഷാ, ഇംഗ്ലീഷ് സംസാരിക്കാത്ത അംഗങ്ങൾക്ക് അത് പ്രവർത്തികമാകുമ്പോൾ ഞങ്ങളെ സഹായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
- ഞങ്ങളുടെ അംഗങ്ങൾ, ഞങ്ങളുടെ ബഹുഭാഷാ, ഇംഗ്ലീഷ് സംസാരിക്കാത്ത അംഗങ്ങൾ, ഞങ്ങളുടെ വിവർത്തകർ എന്നിവരുടെ സഹായത്തോടെ വിവർത്തന സംബന്ധമായ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു.
- 2025 വാൻകൂവർ കൺവെൻഷനായി രജിസ്റ്റർ ചെയ്യുകയാണെന്ന് ആണ് ധാരാളം അംഗങ്ങൾ കരുതിയത്. 2025 ജൂലൈ 6 ന് ശേഷം ഞങ്ങളുടെ ആശയവിനിമയങ്ങളുടെ വ്യക്തത ഉണ്ടെങ്കിൽ പോലും അടുത്ത വർഷവും സമാനമായ ആശയക്കുഴപ്പം തുടരാനാണ് സാധ്യത.
- കൺവെൻഷന്റെ തയാറെടുപ്പിലും ഇവന്റിൽ തന്നെയും അനുചിതമായതും അസഹിഷ്ണുത നിറഞ്ഞതുമായ വ്യാഖ്യാനങ്ങൾ ഞങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. വ്യക്തിപരമായ വിശ്വാസങ്ങളും അഭിപ്രായങ്ങളും മൂലമുള്ള പ്രശ്നങ്ങളായതിനാൽ, കാർലോസും ഞാനും ഞങ്ങളുടെ അഞ്ചാമത്തെ പാരമ്പര്യത്തിൽ വേരൂന്നിയവരായി തുടരാൻ ഇഷ്ടപ്പെട്ടു; ഓരോ പ്രശ്നവും ഞങ്ങളിൽ ഒരാളോ ടെക് 12-വോ ഉചിതമായി കൈകാര്യം ചെയ്തു.
- കൺവെൻഷൻ സൗജന്യമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പല അംഗങ്ങൾക്കും മനസ്സിലായില്ല. US സർക്കാരിന്റെ രാഷ്ട്രീയ ഉപരോധങ്ങൾ, US ബാങ്കിംഗ് സംവിധാനത്തിന് പുറത്തുള്ള പ്രത്യേക ബാങ്കിംഗ് ഘടനകൾ അല്ലെങ്കിൽ US ഡോളറിലേക്കുള്ള വളരെ കുറഞ്ഞ പ്രാദേശിക കറൻസി വിനിമയ നിരക്കുകൾ എന്നിവ കാരണം പല അന്താരാഷ്ട്ര അംഗങ്ങൾക്കും PayPal അല്ലെങ്കിൽ Stripe വഴി പണമടയ്ക്കാൻ കഴിയില്ല എന്നത് കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണ്, ഇത് യുഎസ് ഡോളറിൽ ഉള്ള ഒരു ഫീസിനെ വളരെ ചെലവേറിയതാക്കുന്നു. ഇവയെല്ലാം രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ട ബാഹ്യ പ്രശ്നങ്ങളാണ്. ഈ അംഗങ്ങൾക്ക് സാമ്പത്തിക സംഭാവന നൽകുവാൻ സാധ്യമല്ല അല്ലെങ്കിൽ അതിനുള്ള ശേഷിയില്ല; എന്നിരുന്നാലും, നമ്മുടെ കൺവെൻഷനിൽ പലരും ചെയ്തതുപോലെ, വളരെയധികം സ്നേഹത്തോടെ, സേവനത്തിനുള്ള സമയം നൽകാൻ അവർക്ക് കഴിയും. അടുത്ത വർഷത്തെ രജിസ്ട്രേഷൻ പ്രക്രിയയ്ക്കുള്ളിൽ ഈ ആശങ്ക പരിഹരിക്കുന്നതിനുള്ള സാധ്യമായ പരിഹാരങ്ങളെക്കുറിച്ച് ഞങ്ങളുടെ OIAA ട്രഷറർക്ക് വിശദീകരണം നൽകുവാൻ കഴിയും.
- ചില അംഗങ്ങൾ വ്യത്യസ്ത ടൈം സോണുകളുടെ കാര്യത്തിൽ ആശയക്കുഴപ്പം പ്രകടിപ്പിച്ചു; എല്ലാവരും ഒരേ ടൈം സോണിൽ ഉള്ളപ്പോൾ കൺവെൻഷൻ നടക്കാത്തത് എന്തുകൊണ്ടാണെന്ന് ചിലർക്ക് മനസ്സിലായില്ല. ലോകത്തിന്റെ പല ഭാഗത്തുള്ളവർക്ക് എല്ലാം സൗകര്യപ്രദമായ ഒരു സമയം തിരഞ്ഞെടുക്കുക എന്നത് ഒരിക്കലും സാധ്യമല്ല. ലോകമെമ്പാടുമുള്ള ഞങ്ങളുടെ എല്ലാ OIAA അംഗങ്ങളെയും അവരുടെ പ്രാദേശിക ടൈം സോണുകളിൽ തന്നെ പങ്കെടുക്കാൻ പ്രാപ്തരാക്കാനുള്ള ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. തെറ്റായി വിവർത്തനം ചെയ്ത കൺവെൻഷൻ ഷെഡ്യൂളുകളും ആശയക്കുഴപ്പത്തിന് കാരണമായി. എല്ലാ ടൈം സോണുകളിലുമുള്ള ഇത്തരത്തിലുള്ള കൺവെൻഷൻ 24-48 മണിക്കൂർ മാരത്തൺ മീറ്റിംഗ് ഫോർമാറ്റുകൾക്ക് പുറത്തുള്ള ആദ്യത്തെ കൺവെൻഷൻ ആയതിനാൽ, ചില അംഗങ്ങൾക്ക് പുതിയ ഒരു കാര്യവുമായി പൊരുത്തപ്പെടാൻ സമയം ആവശ്യമായി വന്നിരിക്കാമെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.
കൺവെൻഷൻ എക്സിറ്റ് സർവേ
- 310 പങ്കാളികൾ ഞങ്ങളുടെ സർവേയോട് പ്രതികരിച്ചു, പ്രധാനമായും ഇംഗ്ലീഷ് സംസാരിക്കുന്നവർ. മറ്റ് ഭാഷകളിലേക്കുള്ള വിവർത്തന പ്രശ്‌നങ്ങൾ മൂലമാണ് ഇത് ഭാഗികമായി സംഭവിച്ചത്. ഞങ്ങളുടെ ഫാർസി, മലയാളം, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ് സംസാരിക്കുന്ന അംഗങ്ങൾ പ്രാഥമികമായി കാർലോസിനും എനിക്കും നേരിട്ടോ ഞങ്ങളുടെ യൂണിറ്റി കമ്മിറ്റി മീറ്റിംഗുകളിലോ ഫീഡ്‌ബാക്ക് നൽകി.
- സർവേ ഫലങ്ങൾ മൊത്തത്തിൽ വളരെ പോസിറ്റീവ് ആയിരുന്നു, സർവേ ഫലങ്ങൾ മൊത്തത്തിൽ വളരെ പോസിറ്റീവ് ആയിരുന്നു, വളരെ രസകരവും ക്രിയാത്മകവുമായിരുന്നു ചില ഫീഡ്‌ബാക്കുകൾ.
യൂണിറ്റി കമ്മിറ്റിയിലേക്ക് നിങ്ങളുടെ ഫീഡ്‌ബാക്ക് നൽകുവാനും 2025 ലെ ഞങ്ങളുടെ അടുത്ത യാത്രയിൽ ഞങ്ങളുടെ സന്നദ്ധപ്രവർത്തകരോടൊപ്പം ചേരാനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു!
അങ്ങേയറ്റം കൃതജ്ഞതയോടെ,
ബേത്ത് എ.
OIAA ഇന്റർനാഷണൽ ട്രസ്റ്റി